‘എല്ലാം ദ്വീപുകാര്‍ക്ക് വേണ്ടി’ ; ന്യായീകരിച്ച് ലക്ഷദ്വീപ് കളക്ടര്‍, പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, May 27, 2021

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ ന്യായീകരിച്ച് കളക്ടർ അസ്ക്കർ അലി രംഗത്ത്. ലക്ഷദ്വീപിലെ നടപടികള്‍ ദ്വീപ്​ നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനാണെന്നായിരുന്നു കളക്​ടറുടെ വിശദീകരണം. കളക്ടറുടെ നിലപാടിനെതിരെ എറണാകുളം പ്രസ് ക്ലബിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

ദ്വീപിൽ മദ്യവില്‍പനയ്ക്കുള്ള അനുമതി വിനോദസഞ്ചാരമേഖലയ്ക്ക്​ മാത്രമാണെന്ന് കളക്​ടര്‍ എസ്​ അസ്​കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരക്ക് നീക്കം മംഗലാപുരത്തേക്ക് മാറ്റുന്നത് മംഗലാപുരം തുറമുഖവുമായി ദൂരം കുറവുള്ളത് കൊണ്ടാണെന്നും ഇത് ചരക്ക് നീക്കം സുഗമമാക്കുമെന്നും കളക്ടര്‍ വിശദീകരിച്ചു. പുതിയ പരിഷ്കാരങ്ങൾ നടപ്പായാൽ ദ്വീപിന്‍റെ വിദ്യഭ്യാസ രംഗത്ത് വൻ കുതിച്ച് ചാട്ടം ഉണ്ടാവുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടർ കുറ്റപ്പെടുത്തി.

ദ്വീപിന്‍റെ സുരക്ഷയെ കരുതിയാണ്​ പുതിയ നിയമനിര്‍മാണ​ങ്ങൾ നടത്തുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരമുണ്ട്​. ബീഫും ചിക്കനും മാത്രമാണ്​ ഒഴിവാക്കിയത്​. മീനും മുട്ടയും നിലനിര്‍ത്തിയിട്ടുണ്ടെന്നും ഇത്​ നയപരമായ തീരുമാനമാണെന്നും കളക്ടർ പറഞ്ഞു. ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ്​ പൊളിച്ചത്​. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതായും മയക്കുമരുന്നു കടത്ത്​ വര്‍ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ്​ പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രകടനം കാ​ഴ്ചവെച്ച പ്രദേശങ്ങളിലൊന്നാണ്​ ലക്ഷദ്വീപ്​. പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആദ്യ ഡോസ്​ വിതരണം ചെയ്യാനുള്ള വാക്​സിന്‍ സ്​റ്റോക്കുണ്ട്​. കവരത്തിയില്‍ ഓക്​സിജന്‍ പ്ലാന്‍റും മോഡല്‍ ഹൈസ്​കൂളും ഒരുക്കും. ജില്ലാ പഞ്ചായത്തിന്‍റെ അധികാരം കുറച്ചിട്ടി​ല്ലെന്നും  മികച്ച മത്സ്യഗ്രാമമാക്കി ദ്വീപിനെ മാറ്റുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

അതേസമയം ന്യായീകരണവുമായി രംഗത്തെത്തിയ കളക്ടര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.  വാർത്താ സമ്മേളനത്തിന് ശേഷം കളക്ടര്‍ പുറത്തിറങ്ങിയപ്പോഴാണ് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചത്.