ക്വാറി മാഫിയയ്ക്കെതിരായ പ്രക്ഷോഭം ഫലം കണ്ടു; പരപ്പ മുണ്ടത്തടം കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

Jaihind Webdesk
Wednesday, June 12, 2019

Mundathadam-Quarry

കാസർഗോഡ് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ മുണ്ടത്തടം കരിങ്കൽ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ദുരന്ത നിവാരണ നിയമ പ്രകാരം കളക്ടർ ഉത്തരവിട്ടത്. ജനജീവിതം ദുസ്സഹമാക്കുന്ന ക്വാറി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് ജയ്ഹിന്ദ് ടിവിയാണ് ആദ്യം വാർത്ത പുറത്ത് കൊണ്ടുവന്നത്

ക്വാറി സംബന്ധിച്ച വിദഗ്ധപഠനത്തിന് സെന്‍റർ ഫോർ എർത്ത് സയൻസിലെ വിദഗ്ധ ശാസ്ത്രജ്ഞരോട് ആവശ്യപ്പെടുമെന്നും ഈ ശാസ്ത്രജ്ഞരുടെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. കളക്ടറുടെ ചേംബറിൽ ചേർന്ന മുണ്ടത്തടം ക്വാറി സമരം സംബന്ധിച്ച യോഗത്തിലാണ് കളക്ടർ തീരുമാനം പ്രഖ്യാപിച്ചത്.

ക്വാറിയിൽ താല്ക്കാലികമായി പാറ പൊട്ടിച്ച് ഖനനം നടത്താൻ പാടില്ല. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആണ് ക്വാറി പ്രവർത്തിക്കുന്നത്. 2029 ആഗസ്റ്റ് വരെ ക്വാറി പ്രവർത്തിക്കാൻ അനുമതിയുണ്ട്. പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിച്ചാണ് ജില്ലാകളക്ടർ സമരസമിതിയും ക്വാറി ഉടമകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്ക് തയ്യാറായത്.

കിനാനൂർ-കരിന്തളം പഞ്ചായത്ത് സെക്രട്ടറിയോട് പ്രദേശം സന്ദർശിച്ച് പഞ്ചായത്തിന്‍റെ അവിടെയുളള ആസ്തി വിവരം സംബന്ധിച്ച് അഞ്ചു ദിവത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനും കളക്ടർ നിർദ്ദേശം നൽകി. ക്വാറിയിൽ സൂക്ഷിച്ചിട്ടുള്ള വിവിധ പ്രവർത്തികൾക്കുളള നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്നതിന് തടസമില്ല. വിദ്യാർഥികൾ യാത്ര ചെയ്യുന്ന രാവിലെ 8 മണിക്കും 10.30 നും ഉച്ചയ്ക്കുശേഷം 3.30 നും 5.30 നും ഇടയിൽ ഇതുവഴി ലോറി ഗതാഗതം പാടില്ല. പ്രദേശത്തെ വിദ്യാർത്ഥികൾ സ്‌കുളിൽ പോകാതെ സമര രംഗത്തായിരുന്നു.

എന്നാൽ ബുധനാഴ്ച മുതൽ വിദ്യാർത്ഥികൾ നിർബന്ധമായും വിദ്യാലയങ്ങളിൽ പോകണമെന്നും കുട്ടികളെ സ്‌കൂളുകളിൽ വിടാത്തവർക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കനത്ത മഴയെ അവഗണിച്ചും ആദിവാസികളുടെ നേതൃത്വത്തിൽ ക്വാറി വിരുദ്ധ സമരം തുടരുന്നതിനിടെയാണ് കലക്ടറുടെ പുതിയ ഉത്തരവ്. ജയ്ഹിന്ദ് വാർത്തയെ തുടർന്ന് ക്വാറിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ രാപ്പകൽ സമരവും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ക്വാറിയിലേക്ക് മാർച്ചും നടന്നിരുന്നു.