യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; മൃതദേഹം തോളിലിട്ട് പോലീസ് സ്റ്റേഷനിലെത്തി; നടുക്കി അരുംകൊല

Monday, January 17, 2022

കോട്ടയം: നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെ.ടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങളുടെ കുടിപ്പകയാണെന്ന് സൂചനയുണ്ട്.

ഇന്നു പുലർച്ചെ 4 നാണ് സംഭവം. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. ഷാൻ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതി അലറിവിളിച്ചു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്‍റെ അമ്മ നേരത്തേ സ്‌റ്റേഷനിലെത്തിയിരുന്നു. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഷാൻ ബാബുവിനെതിരെ നിലവിൽ കേസുകളൊന്നും ഇല്ലെന്നാണ് വിവരം. നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.