തേങ്ങ മോഷ്ടിക്കാന്‍ കയറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി തെങ്ങില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

Jaihind Webdesk
Wednesday, January 2, 2019

ചെട്ടികുളങ്ങര: തേങ്ങമോഷണത്തിനായി കയറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി തെങ്ങില്‍ കുരുങ്ങി. പൊല്ലാപ്പിലായ സഖാവിനെ രക്ഷിക്കാന്‍ അവസാനം ഫയര്‍ഫോഴ്‌സ് എത്തേണ്ടിവന്നു. തെങ്ങുകയറ്റ യന്ത്രമുപയോഗിച്ചാണ് ഇയാള്‍ തേങ്ങമോഷണത്തിനായി കയറിയത്. തേങ്ങയിട്ട് തിരിച്ചിറങ്ങുമ്പോള്‍ പിടിവിട്ട് യന്ത്രത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു.

യന്ത്രത്തില്‍ കാലുകുരുങ്ങി അരമണിക്കൂറോളമാണ് മോഷ്ടാവ് തലകീഴായി കിടന്നത്. മാവേലിക്കരയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. പുതുവര്‍ഷരാത്രിയിലെ ആഘോഷങ്ങള്‍ക്കിടയിലാണ് ബ്രാഞ്ച് സെക്രട്ടറിയുടെ തെങ്ങ് കയറ്റവും കുടുങ്ങലും.

രാത്രിയില്‍ സമീപത്തെ റോഡിലൂടെ പോയ ഇതര സംസ്ഥാന തൊഴിലാളികളാണ് തലകീഴായി ഒരാള്‍ തൂങ്ങിക്കിടക്കുന്നത് പരിസരവാസികളെ അറിയിച്ചത്. നാട്ടുകാരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിനുപരിക്കേറ്റിട്ടുണ്ട്. പിന്നീട് വസ്തു ഉടമസ്ഥയുടെ ബന്ധു മാവേലിക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.