തീരദേശത്തെ പ്രശ്‌നങ്ങള്‍ സഭയില്‍ ; അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം : തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍. കടല്‍ക്ഷോഭവും ചുഴലിക്കാറ്റും കാരണം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി.സി വിഷ്ണുനാഥ് എംഎല്‍എയാണ്  നോട്ടീസ് നല്‍കിയത്.

തീരദേശം ദുരിതത്തിലാണ്. നരകതുല്യ ജീവിതമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും നയിക്കുന്നത്. വിഷയം സഭ നിർത്തിവച്ച്  ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുലിമുട്ടും കടൽഭിത്തിയും കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല പ്രശ്നങ്ങൾ. സംസ്ഥാനത്തെ 9 തീരദേശങ്ങൾ ദുരിതത്തിലാണ്.

ദുരിതമനുഭവിക്കുന്നവർക്ക് കൊവിഡ് കൂടി വന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാനാകില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് പദ്ധതി പരാജയമായിരുന്നു. അത്തരം പദ്ധതി ശംഖുമുഖത്ത് കൊണ്ട് വന്നിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ശംഖുമുഖം റോഡ് പൂർണമായും തകർന്നു. മൺസൂണിന് മുൻപ് ഈ പ്രദേശങ്ങളിൽ വാക്സിനേഷൻ നടത്തണം. തീരപ്രദേശങ്ങളിൽ മാസ് വാക്സിനേഷൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.