തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടല്‍ മണല്‍ ഖനനത്തിനെതിരെ തിരദേശ മേഖല കടുത്ത പ്രതിഷേധത്തിലാണ്.തങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരത്തിലാണെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ യാതൊരു നടപടിയുമെടുക്കാത്ത കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനും നടപടിയോട് മൗനം പാലിക്കുന്ന കേരള സർക്കാരിനെതിരെയുമാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രിവരെയാണ് നടത്തുക.
13 കേന്ദ്രങ്ങളില്‍ രാവിലെ 9 മണിക്ക് പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തി. കടല്‍ മണല്‍ ഖനനത്തോടെ 15 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ഉപജീവനമാണ് തടസ്സപ്പെടുന്നത്.ഒപ്പം ആവാസ വ്യവസ്ഥകളിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തൊഴിലാളികളുടെ പ്രധാന ആശങ്ക. സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.