കൊവാക്സിന്‍ വില പ്രഖ്യാപിച്ചു ; സംസ്ഥാനങ്ങള്‍ക്ക് 600 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 1200

Jaihind Webdesk
Sunday, April 25, 2021

കൊവിഷീൽഡിന് പിന്നാലെ ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്‌സിനും വില പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ഡോസിന് 15-20 ഡോളര്‍ വരെയാവും ഈടാക്കുക. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലാണ് നൽകുന്നത്.

കൊവാക്‌സിൻ കേന്ദ്രത്തിന് ഒരു ഡോസിന് 150 രൂപ നിരക്കിൽ തന്നെ നൽകുമ്പോൾ സ്വകാര്യ ആശുപത്രികൾ 1,200 മുടക്കേണ്ടിവരും. ഉദ്പാദിപ്പിക്കുന്ന വാക്‌സിന്‍റെ 50 ശതമാനം കേന്ദ്രസർക്കാരിന് നൽകുമെന്നും ഭാരത് ബയോടെക് അറിയിച്ചു. കൊവിഡ് വാക്‌സിനുകൾ സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും ഇനി പണം കൊടുത്തു വാങ്ങണമെന്നതാണ് കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്‌സിൻ നയം. ഭാരത് ബയോടെക് കമ്പനിക്ക് കൊവിഡ് വാക്‌സിൻ നിർമാണത്തിനായി 1,500 കോടി അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചി രുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍റെ ഉയര്‍ന്ന വില സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണത്തോടെ ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിക്കുന്ന കോവാക്‌സിന്റെ കൂടിയ നിരക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികൾക്ക് ഇനി കേന്ദ്രസർക്കാർ വാക്‌സിൻ നൽകില്ല. ആശുപത്രികൾ നിർമാതാക്കളിൽ നിന്നു നേരിട്ട് വാങ്ങണം. അടുത്ത ഒന്നാം തീയതി മുതൽ 18 വയസ് തികഞ്ഞ മുഴുവൻ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പതിനെട്ട് മുതൽ 45 വരെ വയസിൽ താഴെയുള്ളവർ പണം നൽകി വാക്‌സിൻ എടുക്കണമെന്നതാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. 45 വയസിനു മുകളിലുള്ളവർക്ക് തുടർന്നും സൗജന്യമായി വാക്‌സിൻ നൽകിയേക്കും. കേന്ദ്രം പ്രഖ്യാപിച്ച പബ്ലിക് ഹെൽത്ത് ഇമ്യുണൈസേഷൻ പദ്ധതിയനുസരിച്ച് സർക്കാർ കേന്ദ്രങ്ങളിൽ 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ കുത്തിവെപ്പിന് അവകാശമുണ്ട്.

സ്വകാര്യ ആശുപത്രികളിൽ കുത്തിവെപ്പ് എടുക്കുന്നവർ 250 രൂപ വീതം ഓരോ ഡോസിനും നൽകണം. എന്നാൽ 18 മുതൽ 44 വരെ വയസു വരെയുള്ള പാവപ്പെട്ടവർക്കും കുടിയേറ്റ, ദിവസക്കൂലി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റും സൗജന്യ കുത്തിവെപ്പ് നൽകുന്നതിനുള്ള ചെലവ് അതത് സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടി വരും. ചുരുക്കത്തിൽ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ഭാരം വരുത്തിവെക്കുന്നതാണു നരേന്ദ്ര മോദി സർക്കാരിന്‍റെ തീരുമാനം.