കേരള പോലീസിലെ ഒരു വിഭാഗം ക്രിമിനലുകള്‍ നടത്തുന്ന ക്രൂരമായ മര്‍ദ്ദനങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൂരമായ മര്‍ദ്ദനം നടത്തിയ ക്രിമിനലുകളെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നടപടിയുണ്ടാകുന്നത് വരെ കോണ്‍ഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുന്നംകുളത്തും പീച്ചിയിലും നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് കണ്ടിട്ടും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേരളത്തിലെ പോലീസ് സംവിധാനം നിയന്ത്രിക്കുന്നത്. സ്വന്തം വകുപ്പ് ഇത്രയധികം ആരോപണങ്ങള്‍ നേരിടുമ്പോഴും ഒരു വാക്കുപോലും സംസാരിക്കുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ മുഖ്യമന്ത്രി ഉടന്‍ മൗനം വെടിയാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.