മുഖ്യമന്ത്രിക്ക് ദളിത് സമൂഹത്തോടുളള ഇരട്ടത്താപ്പ് സമീപനം മാറ്റണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എം. എല്‍. എ. പിണറായി സര്‍ക്കാരിന്റെ രീതികള്‍ വിചിത്രമാണ്. കഴിഞ്ഞ ദിവസം പാലക്കാട് വച്ച് പട്ടികജാതി വിഭാഗക്കാരുടെ രക്ഷകന്റെ വേഷത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പകര്‍ന്നാട്ടം നടത്തുമ്പോഴാണ് തലസ്ഥാനത്ത്് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ ഓഫീസില്‍ പരാതിയുമായിവന്ന ദളിത് യുവതിയെ അപമാനിച്ചു വിട്ടത്.കള്ളക്കേസെടുത്ത് പീഡിപ്പിച്ച പോലീസിനെതിരേ നല്‍കിയ പരാതി വലിച്ചെറിഞ്ഞ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അടിയന്തിരമായി നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എ.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമ പ്രകാരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുകയും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെ മാതൃകാപരമായ നടപടിയെടുക്കുകയും വേണം.സംഭവം നടന്ന് ഇത്രയും ദിവസം പിന്നിട്ടശേഷം വിവാദമായപ്പോള്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണ്. ഇത്തരം താല്‍ക്കാലിക നടപടികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിന്റെ പ്രാതിനിധ്യമില്ലാത്ത പുരോഗമന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍,ആ വിഭാഗത്തിലുളള മനുഷ്യര്‍ക്കു നേരേ അടിക്കടി നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം കേരളീയ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരണമെന്നും എ.പി.അനില്‍കുമാര്‍ പറഞ്ഞു.