സി.എം രവീന്ദ്രന് കൊവിഡ് ; ഇ.ഡി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത് നാളെ

Jaihind News Bureau
Thursday, November 5, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കൊവിഡ്. ഇന്നു വൈകിട്ടാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്. നാളെ കൊച്ചിയിലെ ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ.ഡി  നോട്ടീസ് നല്‍കിയിരുന്നു. ഐടി പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് നോട്ടിസ് നൽകിയത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ് മിഷൻ പദ്ധതിക്കു പുറമേ 4 വൻകിട പദ്ധതികൾകൂടി എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.

കെ-ഫോൺ, കൊച്ചി സ്മാർട് സിറ്റി, ടെക്നോപാർക്കിലെ ടോറസ് ടൗൺ ടൗൺ, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ പി.രാധാകൃഷ്ണൻ കത്തു നൽകിയിരുന്നു. പദ്ധതികളുടെ മറവിൽ കള്ളപ്പണ ഇടപാടുകളോ റിയൽ എസ്റ്റേറ്റ് കമ്മിഷൻ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.