കുറ്റപത്രം നല്‍കിയ കേസിന് എങ്ങിനെ സ്റ്റേ നല്‍കും ? വീണാ വിജയനെതിരേയുള്ള കേസ് വൈകിപ്പിക്കാനുള്ള CMRL ശ്രമങ്ങള്‍ക്ക് തിരിച്ചടി

Jaihind News Bureau
Wednesday, April 9, 2025

വീണാവിജയനെതിരായ കേസ് തടസ്സപ്പെടുത്താനുള്ള കെ എം ആര്‍ എല്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. SFIO കേസ് നടപടികള്‍ക്ക് ഡല്‍ഹി കോടതി സ്റ്റേ അനുവദിച്ചില്ല. കുറ്റപത്രം നല്‍കിയ കേസിന് സ്റ്റേ നല്‍കുന്നതെങ്ങിനെ എന്ന് കോടതി ചോദിച്ചു. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു.

മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ കേസില്‍ തീരുമാനം വരും വരെ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് വിചാരണ കേട്ട ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഉറപ്പു നല്‍കിയെന്ന വാദമാണ് സിഎംആര്‍ എല്‍ ഉയര്‍ത്തിയത്. ഇതോടെ കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ഏപ്രില്‍ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും കോടതിയില്‍ ഹാജരായി.