മാസപ്പടി കേസ് : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതി; വിചാരണ ചെയ്യാന്‍ അനുമതി

Jaihind News Bureau
Thursday, April 3, 2025

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. വീണയുടെ സ്ഥാപനമായ എക്സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ്. അടുത്തദിവസം തന്നെ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിക്കും. സിഎംആര്‍ എല്ലുമായി നടത്തിയ ഇടപാടുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐഒ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒയുടെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എസ്എഫ്ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്