
കേരളത്തിലെ സര്‍വകലാശാല വി.സി. നിയമനങ്ങളെ ചൊല്ലി മാസങ്ങളായി നിലനിന്നിരുന്ന ഭരണഘടനാപരമായ തര്‍ക്കങ്ങള്‍ക്ക് വിരാമം. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ (കെ.ടി.യു.) വൈസ് ചാന്‍സലറായി നിയമിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിച്ചു. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറുമായി ലോക്ഭവനില്‍
നടന്ന കൂടിക്കാഴ്ചയില്‍ വി.സി. നിയമനങ്ങളില്‍ സമവായത്തിലെത്തുകയായിരുന്നു.
ഇരു സര്‍വകലാശാലകളിലെയും വി.സി.മാരെ നിയമിച്ചുകൊണ്ട് രാജ്ഭവന്‍ വിജ്ഞാപനം പുറത്തിറക്കി. കെ.ടി.യു. വി.സിയായി ഡോ. സിസാ തോമസിനെയും
ഡിജിറ്റല്‍ സര്‍വകലാശാല വി.സിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സിസാ തോമസുമായി പോരടിച്ചിരുന്ന സര്‍ക്കാര്‍, ഒടുവില്‍ അവരുടെ നിയമനത്തില്‍ ഗവര്‍ണറുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. സജി ഗോപിനാഥിന്റെ നിയമനമായിരുന്നു മുഖ്യമന്ത്രിക്ക് കൂടുതല്‍ പ്രാധാന്യം. ഇരുവരുടെയും കാലാവധി നാല് വര്‍ഷമാണ്.
വി.സി. നിയമനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സേര്‍ച്ച് കമ്മിറ്റിയോട് പാനലില്‍ ഉള്‍പ്പെട്ടവരുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചു നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും യോജിച്ച നിലപാട് സ്വീകരിച്ചത്.
ഗവര്‍ണറുടെ നിലപാട് അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ സിസാ തോമസിനെ കെ.ടി.യു.വിലും ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റലിലും നിയമിക്കണമെന്നായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ബന്ധം ഡോ. സജി ഗോപിനാഥിന്റെ നിയമനത്തില്‍ ഉറച്ചുനിന്നതോടെ, തര്‍ക്കം ഒഴിവാക്കാനായി ഗവര്‍ണര്‍ സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ വി.സി.യായി നിയമിക്കാന്‍ സമ്മതിക്കുകയായിരുന്നു.
കെ.ടി.യു. വി.സി.യായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിസാ തോമസിനെ താല്‍ക്കാലിക വി.സി.യായി നിയമിച്ചത്. തുടര്‍ന്ന് സിസ തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ സിസാ തോമസിന് സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ടിവന്നു.
ഡിജിറ്റല്‍ സര്‍വകലാശാലയുടെ താല്‍ക്കാലിക വി.സി. ആയപ്പോള്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും സി.എ.ജി. ഓഡിറ്റിന് ഉത്തരവിടുകയും ചെയ്തതോടെ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ മൂര്‍ദ്ധന്യത്തിലായി. സിസാ തോമസിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ശക്തിയായി ശ്രമിച്ചിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ യശസ്സിന് കളങ്കം വരുത്തി, സിന്‍ഡിക്കേറ്റ് രേഖകള്‍ കടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച മുന്‍ഗണന പട്ടികയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സജി ഗോപിനാഥിന്റെ നിയമനം ഉറപ്പായതോടെ ഈ സിംഗിള്‍ അജണ്ടയില്‍ നിന്ന് മുഖ്യമന്ത്രി പിന്നോക്കം പോയി.