പ്രകോപിതനായി മുഖ്യമന്ത്രിയുടെ ‘വാക്ക്ഔട്ട്’

Jaihind Webdesk
Wednesday, February 20, 2019

വീണ്ടും മാധ്യമങ്ങളോട് വഴക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ പുതുതായി നിർമിച്ച മീഡിയ സെന്‍ററിൽ ആദ്യമായി പത്രസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി മൈക്ക് ഓൺ ചെയ്ത് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയെങ്കിലും മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയതോടെ ചോദ്യങ്ങൾ അവസാനിക്കുന്നതിനു മുൻപ് മൈക്ക് ഓഫ് ചെയ്ത് മടങ്ങുകയായിരുന്നു.

ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമാണു കേരളമെന്നും ഈ സർക്കാർ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വർധിച്ചെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയോട് കാസർകോട്ടു കൊല്ലപ്പെട്ടവരുടെ വീടു മുഖ്യമന്ത്രി സന്ദർശിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മാധ്യമങ്ങളുടെ അജണ്ടയാണ് അതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ആവശ്യം ഉന്നയിച്ചത് കെപിസിസി പ്രസിഡന്‍റാണ് എന്ന്  പറഞ്ഞതോടെ   കെപിസിസി പ്രസിഡന്‍റ് തന്നെയാണു കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നു പറഞ്ഞതെന്ന് പറഞ്ഞ് മുഖ്യമന്ത്രി രോഷാകുലനായി.  സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ച ഉടൻ സ്ഥലത്തു പോയ മുഖ്യമന്ത്രി, ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ വീടുകളിൽ പോകുന്നില്ലെന്നു പ്രതിപക്ഷം വിമർശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോടെ അങ്ങനെ കേട്ടിട്ടില്ല എന്ന് പറഞ്ഞ് മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സ്ഥലം വിടുകയായിരുന്നു.