മുഖ്യമന്ത്രി ഇന്ന് യൂറോപ്പിലേക്ക്; മന്ത്രി വി ശിവന്‍കുട്ടിയും സംഘവും ഒപ്പം

Saturday, October 1, 2022

തിരുവനന്തപുരം : യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും  സംഘവും ഇന്ന് പുറപ്പെടും. രാത്രിയാണ് സംഘം യാത്ര തിരിക്കുന്നത്. ഈ മാസം 12 വരെ വിവിധ രാജ്യങ്ങള്‍  സന്ദർശിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാന്‍, വീണാ ജോർജ് തുടങ്ങിയ മന്ത്രിമാർ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിക്കൊപ്പം ചേരും.

ഡല്‍ഹിയില്‍ നിന്നും ഫിൻലന്‍ഡിലേക്കാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും ആദ്യ യാത്ര. നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജും ഒപ്പം ചേരും. ഇന്ത്യൻ എംബസി മുഖേന 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കവറേജിനായും ഒരു സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, നിക്ഷേപ ആകര്‍ഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വിദേശ യാത്രയെന്നാണ് വിശദീകരണം. ടൂറിസവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് പാരീസും സന്ദർശിക്കുന്നുണ്ട്.