‘അവരെ ഏല്‍പ്പിച്ച പണിയാണ് ചെയ്യുന്നത്’ ; പൊലീസ് പിടിച്ചുപറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Tuesday, August 10, 2021

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന സാധാരണക്കാരെ പിഴയുടെ പേരില്‍ ദ്രോഹിക്കുന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും പൊലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.  അട്ടപ്പാടിയിലെ പൊലീസ് അതിക്രമത്തേയും മുഖ്യമന്ത്രി ന്യായീകരിച്ചു. പൊലീസിന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം അട്ടപ്പാടിയില്‍ മൂപ്പനെയും മകനെയും ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് എൻ ഷംസുദീൻ എംഎല്‍എ കുറ്റപ്പെടുത്തി. ഭീകരവാദികളെ പിടിക്കുംപോലെ പൊലീസ് സംഘമെത്തി. സിപിഎം നിർദ്ദേശ പ്രകാരമാണ്  നടപടി. സിപിഎമ്മുമായി മുരുകൻ തെറ്റിയതാണ് കാരണം. മൂപ്പന്റെ മകൻ മുരുകനും സിപിഎമ്മും തമ്മിൽ തർക്കമുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളെ പിടിക്കാൻ ഇത്ര ആവേശം പൊലീസ് കാട്ടിയില്ല. പൊലീസിന് ഭ്രാന്തിളകിയ പോലെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുടി വെട്ടാനും ചോറ് വാങ്ങാനും പോകുന്നവർ രണ്ടായിരം രൂപ പിഴ ചുമത്തുന്നു. പൊലീസ് അഴിഞ്ഞാടുന്നു. അട്ടപ്പാടിയിൽ നടന്നത് പൊലീസ് നരനായാട്ടാണ്. കൊവിഡ് മറയാക്കി പൊലീസ് ജനങ്ങളുടെ മേൽ കുതിരകയറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.