‘ബിജെപി നല്‍കിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്, അത് യുഡിഎഫിന് വേണ്ട’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, July 27, 2022

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി നിവർന്നു നില്‍ക്കുന്നത് ബിജെപിയുടെ ഊന്നുവടിയിലാണെന്നും അത് യുഡിഎഫിന് വേണ്ടെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. യുഡിഎഫ് ജനകീയ അടിത്തറ ദൃഢമാക്കുമെന്ന് പറയുന്നതിൽ മുഖ്യമന്ത്രിക്ക് എന്താണ് ഭയമെന്നും അദ്ദേഹം ചോദിച്ചു.

“ചിന്തൻ ശിബിരത്തിൽ എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. കേരളത്തിലെ കോൺഗ്രസിന് നിവർന്നുനിൽക്കാനുള്ള ഊന്നുവടികളൊന്നും എല്‍ഡിഎഫിലില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തായാലും മുഖ്യമന്ത്രി ഇപ്പോൾ നിവർന്നുനിൽക്കുന്ന ഊന്നുവടി കേരളത്തിലെ യുഡിഎഫിനോ കോൺഗ്രസിനോ ആവശ്യമില്ല. ലാവലിൻ കേസിൽ നിന്നും സ്വർണ്ണക്കള്ളക്കടത്തിൽ നിന്നുമൊക്കെ രക്ഷപ്പെടുത്താനായി ബിജെപി ദേശീയ നേതൃത്വം നൽകിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവർന്നു നിൽക്കുന്നത്. ആ ഊന്നുവടി എന്തായാലും ഞങ്ങൾക്ക് വേണ്ടെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്” – പ്രതിപക്ഷ നേതാവ് പറഞ്ഞു.