സ്പ്രിങ്ക്‌ളർ വിവാദം : മകൾക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Jaihind News Bureau
Wednesday, April 22, 2020

സ്പ്രിങ്ക്‌ളർ വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്ന പതിവ് ശൈലിയിലുള്ള ഉത്തരമല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും പറയാനുണ്ടായില്ല.

കരാറിനു പിന്നിൽ മകളുടെ ഇടപെടലിനെകുറിച്ചുള്ള ചോദ്യത്തിന് പതിവ് ധാർഷ്ട്യത്തോടെ പിണറായി വിജയൻ ഒഴിഞ്ഞുമാറി. വിവാദങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാതെ അത് ചൂണ്ടിക്കാണിച്ചവരെ അധിക്ഷേപിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്പ്രിങ്ക്‌ളർ കരാറിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടലുണ്ടെന്ന ആരോപണമായിരുന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ആരോപണത്തോട് പ്രതികരിക്കാനില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആവർത്തിച്ചുള്ള ചോദ്യത്തിന് ആരോപണം ഉന്നയിച്ചവർ തെളിവ് കൊണ്ട് വരട്ടെയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

മകളുടെ ഐ റ്റി സ്ഥാപനത്തിന്‍റെ മേൽവിലാസം എകെജി സെന്‍റർ ആണല്ലോ എന്ന ചോദ്യത്തിന് അത് അസംബന്ധമാണ് എന്നായിരുന്നു മറുപടി.  തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങിനെ ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുചോദ്യം.

കോടതി പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് വിവാദങ്ങൾക്കു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് വിശദീകരണം.
കരാർ പരിശോധനയ്ക്ക് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരേ നിയാഗിച്ചതിനെ കുറിച്ച് മറുപടി ഇങ്ങനെ.

കഴിഞ്ഞ ദിവസം വിവാദ ചോദ്യങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അസൂത്രിത ശ്രമം നടത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് ചെവികൊടുത്തെങങ്കിലും കാതലായ വിഷയങ്ങളിൽനിന്ന് സ്വതസിദ്ധമായ ശൈലിയിൽ ധാർഷ്ട്യത്തോടെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.