‘സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തുടങ്ങിവെച്ച പോരാട്ടം തുടരും; മാന്യതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം’: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, June 8, 2022

 

മാന്യതയുടെ കണിക എങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ആർജവം കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉയർത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് കേസിലെ പ്രധാന പ്രതിയുടെ വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ തലത്തില്‍ നടന്ന വന്‍ അഴിമതിയുടെയും കള്ളക്കടത്തിന്‍റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രി തന്നെയാണെന്ന് വ്യക്തമായിരുന്നു. സ്വർണ്ണ കള്ളക്കടത്ത് കേസിൽ തുടങ്ങിവെച്ച പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മാന്യതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഇരിക്കുന്ന കസേരയെ ഇനിയും അപമാനിക്കാതെ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ആർജവം പിണറായി വിജയൻ കാണിക്കണം. സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടിയായി കടങ്കഥയും പഴഞ്ചൊല്ലും പറഞ്ഞ പിണറായിക്ക് ഇപ്പോഴെന്താണ് പറയാനുള്ളത്. നിങ്ങളുടെ കൂട്ടുപ്രതിയാണ് ഇന്നലെ കോടതിയിൽ രഹസ്യമൊഴി കൊടുത്തത്.

കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെയും പങ്ക് പുറത്തുവന്നത് മുതൽ സര്‍ക്കാര്‍ തലത്തില്‍ നടന്ന വന്‍ അഴിമതിയുടെയും കള്ളക്കടത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രി തന്നെയാണെന്ന് വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അന്ന് ഞാനുയർത്തിയ ആരോപണത്തെ സാധൂകരിക്കുന്നതാണ് കേസിലെ പ്രധാന പ്രതിയുടെ വെളിപ്പെടുത്തൽ. ഇപ്പോൾ ഏതെങ്കിലും അന്വേഷണ ഏജൻസിയല്ല ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

കേസിലെ പ്രധാന പ്രതിയായ വ്യക്തി തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ ഭാഗമാണിത്. ആ രഹസ്യമൊഴിയിൽ നിന്ന് പുറത്തുപറയാൻ അനുവദനീയമായ ഏറ്റവും ചുരുങ്ങിയ കാര്യങ്ങളാണ് പ്രതി മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്. സ്വർണ്ണകള്ളക്കടത്ത് കേസിൽ തുടങ്ങി വെച്ച പോരാട്ടം ഇനിയും തുടരും.