തിരുവനന്തപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.പി.സി.സി യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെയുള്ള പ്രതിഷേധവും മാര്‍ച്ചില്‍ ഉയരും.
ആശാന്‍ സ്‌ക്വയറില്‍ നിന്നും രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിലെത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹന്‍, വി.കെ.അറിവഴകന്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ അണിനിരക്കും.