‘8 ബില്ലുകളില്‍ ഒപ്പിട്ടിട്ടില്ല’; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

Jaihind Webdesk
Thursday, February 16, 2023

 

തിരുവനന്തപുരം: നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഇനിയും ഒപ്പിട്ടിട്ടില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. ലോകായുക്ത, സർവകലാശാല ബില്ലുകൾ ഉൾപ്പെടെയുള്ള വിവാദ ബില്ലുകളിൽ ഒപ്പിടാതെ മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ മാറ്റിവെക്കുന്ന ഗവർണറുടെ നിലപാടിനെതിരെ സർക്കാർ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരത്തിൽ ഒരു കത്ത് എഴുതിയതെന്ന സൂചനയും ഉയരുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പ് നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഇനിയും ഒപ്പിട്ടിട്ടില്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത്. ലോകായുക്ത, സർവകലാശാല നിയമവും ഭേദഗതിയും ഉൾപ്പെടെയുള്ള എട്ടു ബില്ലുകൾ രാജ്ഭവനിലുണ്ടെന്നും ഇതിൽ ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഗവർണർക്കയച്ച കത്തിൽ ഓർമ്മപ്പെടുത്തുന്നു. നിയമസഭ മാസങ്ങൾക്ക് മുമ്പ് പാസാക്കിയ ഈ ബില്ലുകൾ ഏറെക്കാലമായി രാജ്ഭവനിൽ ഇരിക്കുന്നതായി കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ബില്ലിൽ ഒപ്പിടണമെന്ന ആവശ്യം മുഖ്യമന്ത്രി ഗവർണർക്ക് മുന്നിൽ വെച്ചിട്ടില്ല.

കത്ത് എഴുതിയത് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെ സർക്കാർ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് സൂചന. ഗവർണറുടെ നിലപാടുകൾക്കെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമപദേശം സർക്കാർ നേരത്തെ തേടിയിരുന്നു. സർവകലാശാല നിയമവും ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള ബില്ലിൽ താൻ ഒപ്പിടില്ലെന്ന് അദ്ദേഹം നിലപാട് എടുത്തിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ പരോക്ഷ വിമർശനവും സർക്കാർ നടത്തിയിരുന്നു. സർക്കാർ-ഗവർണർ പോരിനൊടുവിൽ ഇരുവിഭാഗവും അനുരഞ്ജന പാതയിൽ എത്തിയിട്ടും വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ഇതിൽ തുടർ നീക്കങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ ഇത്തരത്തിൽ ഒരു കത്ത് ഇപ്പോൾ അയച്ചിരിക്കുന്നത്.