ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഉടനില്ലെന്ന് മുഖ്യമന്ത്രി; നിർദേശം ലഭിച്ചില്ലെന്ന് ഗതാഗതവകുപ്പ്

Jaihind Webdesk
Friday, March 15, 2024

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം ഉടനടി നടപ്പാക്കുകയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സിഐടിയു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം അറിയിച്ചതായി സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്‍റ് കെ.കെ. ദിവാകരൻ അറിയിച്ചു.

നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ഗതാഗതമന്ത്രി രംഗത്തെത്തിയിരുന്നു. താന്‍ മുന്നോട്ടുവെച്ചത് നിർദേശങ്ങളാണ്, ഉത്തരവല്ലെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രതികരിച്ചത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നത്.

വകുപ്പ് ഏറ്റെടുത്തതു മുതല്‍ തന്‍റെ തീരുമാനങ്ങളിലുണ്ടാകുന്ന ഇടപെടലുകളില്‍ ഗണേഷ്കുമാർ അതൃപ്തനാണ്. നേരത്തെ ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള നിലപാടില്‍ നിന്ന് സമ്മർദ്ദത്തെ തുടർന്ന് ഗണേഷ്  കുമാറിന് പിന്നോട്ടുപോകേണ്ടി വന്നിരുന്നു. ഇതിലെ അതൃപ്തിയും മന്ത്രി പ്രകടിപ്പിച്ചിരുന്നു.