മുല്ലപ്പെരിയാർ: സുരക്ഷ സംബന്ധിച്ച പ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി; നിയമനടപടി സ്വീകരിക്കുമെന്നും സഭയില്‍

Jaihind Webdesk
Monday, October 25, 2021

 

തിരുവനന്തപുരം : മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് സർക്കാർ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎം മണിയുടെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുല്ലപ്പെരിയാർ സുരക്ഷണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണ്. മുല്ലപ്പെരിയാർ അപകടത്തിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം. ഇതാ അപകടം വരുന്നു എന്ന തരത്തിലാണ് ഭീതി പരത്തുന്നത്. അത്തരം സാഹചര്യം നിലവിലില്ല. പ്രചാരണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രചാരണങ്ങളിൽ വ്യക്തത വരുത്തണമെന്നും, ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കണമെന്നുമായിരുന്നു ശ്രദ്ധക്ഷണിക്കലിൽ എംഎം മണി ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവും സഭയിൽ വിഷയം ഉന്നയിച്ചു.