രവീന്ദ്രന്‍റേത് നിയമവാഴ്ചയോടുള്ള വെല്ലുവിളി ; രക്ഷപ്പെടുത്താന്‍ ബിജെപി-സിപിഎം ധാരണ : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനും അഡീ. പ്രൈവറ്റ് സെക്രട്ടറിയുമായ സിഎം രവീന്ദ്രന്‍റെ  തുടര്‍ച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസംഗമായി നോക്കിനില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് സി.എം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികളില്‍ നിന്നും ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ഇത് സിപിഎം-ബിജെപി പരസ്പരധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സിപിഎമ്മിന്‍റെ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ തുടക്കം മുതല്‍ ഇരുവരും തമ്മിലുള്ള ഒത്തുകളി ചൂണ്ടിക്കാട്ടിയതാണ്. ഓരോ ദിവസത്തെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്റെ ആരോപണം സത്യമായി മാറുകയാണ്. ലാവലിന്‍ കേസുപോലെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം ഉന്നതരെ സംബന്ധിക്കുന്ന എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തിയാണ് സിഎം രവീന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ രവീന്ദ്രനെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്താലുണ്ടാകുന്ന രാഷ്ട്രീയ കോളിളക്കം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സ്വന്തം അണികളെ വഞ്ചിച്ചാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടി കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

bjpcpmmullappally ramachandranCM Raveendran
Comments (0)
Add Comment