സമരം പൊളിക്കാന്‍ മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുന്നു ; ചർച്ചയ്ക്ക് തയാറാകാത്ത നിലപാട് ജനാധിപത്യ വിരുദ്ധം : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 17, 2021

പത്തനംതിട്ട : നീതിക്കായുള്ള സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്ക് കൊണ്ട് നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി നിയമനങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. കള്ളക്കണക്കുകള്‍ പറഞ്ഞുകൊണ്ട് സമരത്തെ തകര്‍ക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ സർക്കാരിന്‍റെ കാലത്തെ എല്ലാം നിയമനങ്ങളുടെയും കണക്കു കാണിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി അധിക്ഷേപിച്ചത് തരംതാണ നടപടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പി.എസ്.സി നിയമനങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കണക്കുകള്‍ പറഞ്ഞുകൊണ്ട് സമരത്തെ തകര്‍ക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ നിയമങ്ങള്‍ സംബന്ധിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി പറഞ്ഞത്. സമരക്കാരോട് ചർച്ച ഇല്ല എന്നത് ഏകാധിപത്യ നിലപാടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സത്യം വിളിച്ചുപറയുന്ന കണക്കുകള്‍ എന്നദ്ദേഹം പറഞ്ഞത്, എന്നാല്‍ വാസ്തവത്തില്‍ അസത്യം വിളിച്ചുപറയുന്ന കണക്കുകളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഈ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയെന്നറിയില്ല. യഥാർത്ഥ കണക്കുകള്‍ മറച്ചുവെച്ചാണ് മുഖ്യന്ത്രിയുടെ വിശദീകരണം. ഈ സർക്കാർ വന്നതിനു ശേഷം വിവിധ മേഖലയിൽ നടത്തിയ നിയമനങ്ങളുടെ കണക്കു പുറത്ത് വിടാൻ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.

പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുന്ന സര്‍ക്കാരായി ഈ സര്‍ക്കാര്‍ മാറി. എല്ലാ മാനദണ്ഡങ്ങളും യോഗ്യതകളും നോക്കിയാണ് പിന്‍വാതില്‍ നിയമനം നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്.എസ്.എല്‍.സി പോലും പാസാവാത്ത സ്വപ്‌നാ സുരേഷിനെ ഒന്നേ മുക്കാല്‍ ലക്ഷം ശമ്പളത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ശുപാര്‍ശ പ്രകാരമാണ്. അത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരേയും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നത്. ഈ കാഴ്ചകളൊന്നും മുഖ്യമന്ത്രിയേയോ സര്‍ക്കാരിനെയോ അലോസരപ്പെടുത്തുന്നില്ല. അതാണ് ഏറ്റവും ദുഃഖകരം. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ജോലി കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സമരം ചെയ്യുന്ന ജനതയോട് ചര്‍ച്ച നടത്തില്ലെന്നത് ജനാധിപത്യവിരുദ്ധമാണ്, ഏകാധിപത്യപരമാണ്. ഇങ്ങനെയാണെങ്കില്‍ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഴുവന്‍ അനധികൃത നിയമനങ്ങളും പുനഃപരിശോധിക്കും. ശബരിമല വിഷയത്തിൽ നിയമ നിർമാണം കൊണ്ടു വരും. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസും പൗരത്വബില്ലിനെതിരെ സമരം നടത്തിയവർക്കെതിരെ എടുത്ത കേസും പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി തിരുവല്ലയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

https://www.facebook.com/JaihindNewsChannel/videos/1362816770722729