പിഴ പിരിക്കാന്‍ ‘നിർമ്മിത ബുദ്ധി’; എഐ ക്യാമറകള്‍ 3 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Thursday, April 20, 2023

 

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി ക്യാമറകൾ (AI CAMERA) ഇന്നു മുതൽ പ്രവർത്തനക്ഷമമാകും. പദ്ധതിക്കെതിരെ കടുത്ത വിമർശനങ്ങളും ആശങ്കകളും ഉയരുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് മൂന്നു മണിക്ക് മുഖ്യമന്ത്രി ക്യാമറകൾ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്രകള്‍ ഉൾപ്പെടെ അഞ്ച് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങും.

ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നത് ലക്ഷ്യമിട്ട് 675 നിർമിത ബുദ്ധി ക്യാമറകൾ ഉൾപ്പെടെ 726 ക്യാമറകളാണ് സംസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ പ്രവര്‍ത്തക്ഷമമാകുന്നത്. മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തി തുടങ്ങും. 225 കോടി രൂപ മുടക്കിയാണ്കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും ഈ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

ഹെല്‍മറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ട്രാഫിക്ക് ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈൽ ഫോണിൽ സംസാരിച്ചുള്ള യാത്ര ഇങ്ങനെയുളള അഞ്ച് കുറ്റകൃത്യങ്ങളാണ് ഈ ക്യാമറകൾ ആദ്യം പിടികൂടുക. എന്നാല്‍ ഓവര്‍ സ്പീഡ് അടക്കം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല. നിലവില്‍ കൊല്ലം, തിരുവനന്തപുരം ബൈപ്പാസുകളിൽ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ ഓവർ സ്പീഡ് കണ്ടെത്തുന്നതിനുള്ള ക്യാമറാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്‌സിലുള്ള വിഷ്വല്‍ പ്രൊസസിംഗ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ഡ്രൈവറുടെ ഫോട്ടോയും മോട്ടോര്‍വാഹനവകുപ്പിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ ആയിരിക്കും പിഴ പിന്നാലെ എത്തുക. എന്നാൽ
മതിയായ ബോധവത്കരണം നടത്താതെ ജനങ്ങളെ കുത്തിപ്പിഴിയാന്‍ സർക്കാർ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. പദ്ധതി ധൃതിപിടിച്ച് നടപ്പാക്കുന്നത് കടുത്ത ആശങ്കയാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.