സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ഐ.ടി സെക്രട്ടറിയെ ബലിമൃഗമാക്കി തടിയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സ്പ്രിങ്ക്ളര്‍ കരാറില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ ഇടപാടിന്റെ യഥാര്‍ത്ഥ സൂത്രധാരനായ മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയുടെ തലയില്‍ കുറ്റം വെച്ചുകെട്ടി ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാപഭാരം സ്വയം ഏറ്റെടുത്ത ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ കഴിഞ്ഞദിവസം നിരവധി ചാനലുകളുടെ ഓഫീസുകളിലാണ് കയറിയിറങ്ങിയതെന്ന് കെ.പി സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിവിധ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍, ഇടപാട് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അല്ലെന്നും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നല്കിയെന്നതും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ലാവലിന്‍ അഴിമതിക്കേസിലും പിണറായി വിജയന് സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരെ കരുവാക്കിയാണ് സുരക്ഷിതനാവാന്‍ ശ്രമിച്ചത്. വൈദ്യുതി ബോര്‍ഡിന് 390 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ലാവലിന്‍ ഇടപാടില്‍ അന്നത്തെ ഉദ്യോഗസ്ഥരായ വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഊര്‍ജവകുപ്പ് ജോയിന്റ് സെക്രട്ടറി അക്കൗണ്ട്സ് മെംബര്‍, ബോര്‍ഡ് ചെയര്മാന്, അംഗങ്ങള്‍, മുന്‍ ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവരെ ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ പ്രതിചേര്‍ത്തതും ചരിത്രമാണ്. ഇവരില്‍ പലരും പെന്‍ഷനായിട്ടും ഇപ്പോഴും അന്വേഷണം നേരിടുകയും കോടതികള്‍ കയറിയിറങ്ങുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്വയം കുറ്റമേറ്റെടുക്കാന്‍ ശ്രമിക്കുന്ന ഐ.ടി സെക്രട്ടറിക്കും വിധി കാത്തുവെച്ചിരിക്കുന്നത് ഇവരുടെ അതേ അവസ്ഥയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ മുഖ്യമന്ത്രിയുടെ കളിപ്പാവകളായി തുള്ളുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പാഠമായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.