മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്നും നാടകീയ സംഭവങ്ങള്‍; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Jaihind News Bureau
Wednesday, August 12, 2020

pinarayi vijayan

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്നും നാടകീയ സംഭവങ്ങള്‍. എഴുതി തയ്യാറാക്കിയ ഉത്തരം മാത്രം വായിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കാതെ മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലും ഉത്തരം പറയാതെ പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും മാത്രമായിരുന്നു ഇന്നും ശ്രമം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും കെടി ജലീലിനെതിരേയുള്ള അന്വേഷണവും സര്‍ക്കാര്‍ പ്രസിലെ രഹസ്യ ഫയലുകള്‍ ചോര്‍ന്നതും മുതല്‍ സിപിഎം സൈബര്‍ ആക്രമണം വരെ നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് മറുപടി പ്രതിക്ഷീച്ചിരുന്നു. എന്നാല്‍ ഇന്നലെ സ്വീകരിച്ച തന്ത്രങ്ങളുെട തുടര്‍ച്ചയാണ് ഇന്നും വാർത്താസമ്മേളനത്തില്‍ അരങ്ങേറിയത്. ആദ്യ 45 മിനിറ്റ് കൊവിഡ് കണക്കും മഴയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച് വലിച്ച് നീട്ടാന്‍ അപ്രധാനമായ നിരവധി വിഷയങ്ങളിലേക്ക് പോവുകയും ചെയ്തു. പിന്നീട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നല്‍കിയ ശേഷവും നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. കൊവിഡ് പ്രതിരോധത്തിനിടയില്‍ പ്രതിപക്ഷവുമായി ഒരു വാക്ക് തര്‍ക്കത്തിനില്ലെന്നും അത്തരം ചര്‍ച്ചകള്‍ ദിവസവും തുടരുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇന്നും പ്രതിപക്ഷനേതാക്കളെ കടന്ന് ആക്രമിക്കാനാണ് വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കൊവിഡിന് പകരം സിപിഎം സൈബര്‍ ആക്രമണത്തെ സംബന്ധിച്ച ചോദ്യമായിരുന്നു ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഈ ചോദ്യം വരുമെന്ന് പ്രതീക്ഷിച്ച് തയ്യാറെടുത്ത പോലെ 15 മിനിറ്റും ഈ ഒരൊറ്റ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അതും പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും ആക്രമിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു എന്നതാണ് ഏറേ ശ്രദ്ധേയം.

കൊവിഡ് പ്രതിരോധത്തിലെ കൃത്യമായ കണക്കുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ അടക്കം വിവാദമായ പല വിഷയങ്ങളിലും ഇതോടെ ഉത്തരം പറയാതെ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനുമായി. വാർത്താസമ്മേളനങ്ങള്‍ പ്രഹസനങ്ങളാണ് എന്നും വെറും പി ആര്‍ വര്‍ക്കാണെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും നടപടികള്‍ എന്ന് ഒരിക്കല്‍കൂടി തെളിയുന്നതായിരുന്നു ഇന്നത്തെയും സംഭവങ്ങള്‍.