അന്ന് പണം ലഭിച്ചെന്ന് മറുപടി, ഇന്ന് തിരുത്തി ; ജനസാന്ത്വന ഫണ്ടിലേക്കെത്തിയ രണ്ടേകാല്‍ കോടി കാണാനില്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സർക്കാർ രൂപീകരിച്ച മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടിലേക്ക് പ്രവാസി വ്യവസായിയായ ബി. ആര്‍ ഷെട്ടി നല്‍കിയ രണ്ടേകാല്‍ കോടി രൂപ കാണാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ൽ ഫണ്ട് ലഭിച്ചെന്ന് രേഖാമൂലം നൽകിയ മറുപടി പിന്നീട് മുഖ്യമന്ത്രി തന്നെ തിരുത്തിയതാണ് വിവാദമാവുന്നത്.

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ഫണ്ട് അപര്യാപ്തമായതിനാല്‍ കൂടുതല്‍ ഫണ്ട് ജനങ്ങളില്‍ നിന്നും കൂടി സമാഹരിച്ച് പൊതുജനക്ഷേമ ഫണ്ട് എന്ന നിലയില്‍ ആരംഭിച്ചതാണ് ജനസാന്ത്വന ഫണ്ട്.

2017 ജനുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. 2017 മാര്‍ച്ച് മാസം ഏഴിന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗമായ വി.എസ് ശിവകുമാര്‍ ജനസാന്ത്വന ഫണ്ട് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് രണ്ട് കോടി 25 ലക്ഷത്തി നാല്‍പത്തി ഏഴായിരത്തി മുന്നൂറ്റി അറുപത് രൂപ ലഭിച്ചിട്ടുണ്ട് എന്ന മറുപടി മുഖ്യമന്ത്രി നൽകുകയും ചെയ്തു.

സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് 10,000 രൂപയും,ഡോ. ബി.ആര്‍ ഷെട്ടി, ബാലകൃഷ്ണ രത്‌നഗിരി പാര്‍ത്ഥന്‍ എന്നിവര്‍ ചേര്‍ന്ന് 2,25,37,360 നല്‍കിയെന്നായിരുന്നു മറുപടിയിൽ പറഞ്ഞിരുന്നത്. എന്നാല്‍ ജനസാന്ത്വനം പദ്ധതിയെക്കുറിച്ച് 2019 ഫെബ്രുവരി ആറിന് കോണ്‍ഗ്രസ് അംഗമായ കെ.സി ജോസഫ് ഉന്നയിച്ച ചോദ്യത്തിന് സി.എച്ച് മുഹമ്മദ് കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നിന്നും ആകെ പതിനായിരം രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

ബംഗളൂരു സ്വദേശികളായ രത്‌നഗിരി പാര്‍ത്ഥനും, ഡോ ബി ആര്‍ ഷെട്ടിയും നല്‍കിയ രണ്ട് കോടി 25 ലക്ഷത്തിൽപ്പരം രൂപ എവിടെ പോയെന്ന് ഇതിൽ വ്യക്തമാക്കുന്നില്ല. തനിക്ക് ലഭിച്ച അപേക്ഷകളിൻമേൽ ആർക്കും സഹായം നൽകിയതായും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല. 2016-ല്‍ ഉത്തരവിറക്കിയ ഈ പദ്ധതി ഇതുവരെയും നടപ്പാക്കിയതായി അറിയില്ല. ഇതിനു പുറമേ 348650 ആളുകള്‍ വിവിധ ജില്ലകളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് നൽകിയ അപേക്ഷകൾ നാലര വര്‍ഷത്തിലധികമായി സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടികിടക്കുകയാണ്.

Comments (0)
Add Comment