‘ബിജെപിയുമായി ഒത്തുകളി ഉണ്ടോ?’ മുഖ്യമന്ത്രിയുടെ ഉത്തരം നീണ്ട മൗനവും പിന്നെ മറുപടി അര്‍ഹിക്കുന്നില്ലെന്ന ധാർഷ്ട്യവും

Jaihind News Bureau
Monday, July 27, 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കരനെ എൻഐഎ വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്യുമ്പോഴും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി. സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ ആരോപിച്ചിരുന്നുവെന്നും അത്തരത്തിലൊരു ഒത്തുതീര്‍പ്പിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ദീർഘനേരം നീണ്ട മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യം കേള്‍ക്കാത്തതാകുമെന്ന സംശയത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ താന്‍ ചോദ്യം കേട്ടുവെന്നും മറുപടി അര്‍ഹിക്കാത്തത് കൊണ്ടാണ് പറയാത്തതെന്നുമായിരുന്നു ധാർഷ്ട്യത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം. കെ-ഫോണും കെ-റയിലും അടക്കം എം.ശിവശങ്കരന്‍റെ ഇടപെടലുകൾ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കൊച്ചിയിൽ വിളിപ്പിച്ച് മണിക്കൂറുകളോളം എൻഐഎ വീണ്ടും ചോദ്യം ചെയ്യുമ്പോഴാണ് പതിവ് വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് തൻറെ അഭിപ്രായം ഇവിടെ പ്രസക്തമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, കെ-ഫോണിലും കെ-റെയിലുമടക്കം ദിവസവും പുതിയ ആരോപണങ്ങളാണ് ശിവശങ്കരനും ആയി ബന്ധപ്പെട്ട് ഉയരുന്നത് എന്ന ചോദ്യത്തിന് നിങ്ങൾക്ക് ഇത് മാത്രം അറിഞ്ഞാൽ മതിയോ എന്നും മുഖ്യമന്ത്രി തിരികെ ചോദിച്ചു . സംസ്ഥാനത്ത് കൺസൾട്ടൻസി രാജാണ് എന്ന ആരോപണത്തോടും അദ്ദേഹം കൃത്യമായി പ്രതികരിക്കാൻ തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിനെ വീണ്ടും കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശിവശങ്കറിന് എതിരേ ദിവസേന കൂടുതൽ ആരോപണങ്ങൾ പുറത്ത് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പാർട്ടിയും മുഖ്യമന്ത്രിയും ഒരുപോലെ പ്രതിരോധത്തിൽ ആയിരിക്കുമ്പോഴാണ് വാർത്താസമ്മേളനത്തിൽ മറുപടികളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത്.

എൻ ഐ എ അന്വേഷിച്ചു കൊള്ളട്ടെ എന്നതിനപ്പുറത്തേക്ക് ഈ വിഷയത്തിൽ സ്വന്തം അഭിപ്രായം എന്താണെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരത്തിൽ ആരോപണ വിധേയനാകുമ്പോൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.

https://youtu.be/uxaMD0rYJ7s