‘കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ?’ മാസപ്പടിയിലെ ചോദ്യത്തില്‍ മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി

Jaihind Webdesk
Thursday, March 14, 2024

 

തിരുവനന്തപുരം: മകള്‍ വീണാവിജയന്‍റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന്‍റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരിൽ എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി അസ്വസ്ഥനായത്. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേൾവിക്കുറവുണ്ടോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘‘അന്വേഷണം നടക്കട്ടെ. വിവരങ്ങൾ പുറത്തുവരട്ടെ. വിവരങ്ങൾ പുറത്തുവരുമ്പോൾ നിങ്ങൾക്ക് മനസിലാകുമല്ലോ. ഞാൻ പറയേണ്ടത് പറഞ്ഞു. നിങ്ങൾ കേട്ടില്ലേ? കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ? എന്നാല്‍, അതുമതി, വരട്ടെ അന്നേരം പറയാം, ഇപ്പോൾ എനിക്ക് ഇതാണ് പറയാനുള്ളത്’’– പിണറായി വിജയൻ പറഞ്ഞു.