ആന്ധ്രയ്ക്ക് നാല് തലസ്ഥാന നഗരങ്ങള്‍; അമരാവതി പ്രോജക്റ്റ് ഉപേക്ഷിക്കാനൊരുങ്ങുന്നു

Jaihind Webdesk
Monday, August 26, 2019

ആന്ധ്രാപ്രദേശിന് നാല് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. ആന്ധ്രയുടെ തലസ്ഥാന നഗരമായി അമരാവതി വികസിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് നാല് തലസ്ഥാന നഗരങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നുവെന്നാണ് സൂചന. വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂര്‍, കടപ്പ എന്നീ നഗരങ്ങളെയാണ് തലസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരുടേയും വികസനം ഉറപ്പാക്കുന്നതിനായാണ് നാല് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ബി.ജെ.പി എം.പി. ടി.ജി.വെങ്കിടേഷ് പറഞ്ഞു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് മുഖന്ത്രിയുമായി മുന്‍പ് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം ഐ ടി കമ്പനികളും വ്യാവസായിക സ്ഥാപനങ്ങളും ആരംഭിക്കണം. അതോടൊപ്പം അമാരവാതി അധികാര കേന്ദ്രമാക്കി നിലനിര്‍ത്തിക്കൊണ്ട് എല്ലാ തട്ടിലുമുള്ള ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. ഇതിനായി നാല് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണമാണ് ലക്ഷ്യം വെക്കുന്നത്. പോളവരം ജല സേചന പദ്ധതി ഇപ്പോഴത്തെ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെങ്കില്‍ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനും കരുത്ത് പകരുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.