കേരളീയം പരിപാടിക്ക് തുടക്കമായി: സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു സർക്കാർ വിലാസം ധൂർത്ത്; വിമർശനം

Jaihind Webdesk
Wednesday, November 1, 2023

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സർക്കാർ ഏറെ കോട്ടിഘോഷിച്ചു സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കേരളീയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കടക്കെണിയിൽ കൂപ്പുകുത്തുമ്പോൾ കേരളീയത്തിന്‍റെ മറവിൽ സർക്കാർ നടത്തുന്ന ധൂർത്തിനെതിരെ കനത്ത വിമർശനങ്ങളാണ് പരക്കെ ഉയരുന്നത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന കേരളീയം പരിപാടിക്ക് തിരിതെളിച്ചത്. കമല്‍ഹാസനും മമ്മൂട്ടിയും മോഹൻലാലും ശോഭനയും ഉൾപ്പെടെയുള്ള താരനിര അണിനിരന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഇതോടെ കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ 42 വേദികളിലായി ഏഴ് ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന കേരളീയത്തിന്‍റെ അരങ്ങുണർന്നു. 30 വേദികളിലായി 300ല്‍ അധികം കലാപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

കേരളം കടക്കെണിയിൽ കൂപ്പുകുത്തുമ്പോൾ കേരളീയത്തിന്‍റെ മറവിൽ നടക്കുന്ന വൻ ധൂർത്തിനെതിരെ കനത്ത വിമർശനമാണ് പരക്കെ ഉയരുന്നത്. രാഷ്ട്രീയ പ്രചാരണം ലക്ഷ്യമാക്കി കോടികൾ പൊടിപൊടിച്ചു നടത്തുന്ന കേരളീയത്തിൽ നിന്നും പ്രതിപക്ഷം വിട്ടു നിൽക്കുകയാണ്. പൊതു ഫണ്ട്‌ ദുരുപയോഗം ചെയ്ത് സർക്കാർ ധൂർത്തു കാണിക്കുകയാണെന്നും ചടങ്ങിൽ
പ്രമുഖർ എത്തിയത് പരിപാടിക്ക് ക്ഷണിച്ചാൽ ഒഴിഞ്ഞു നിൽക്കാനാകാത്ത നിസഹായത കൊണ്ടാണെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി പറഞ്ഞു. പാർലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി സർക്കാർ ചെലവിൽ നടത്തുന്ന പ്രചാരണ പരിപാടിയായി കേരളീയം മാറുന്നു എന്ന വിമർശനമാണ് ഉയരുന്നത്.