കിഫ്ബി ക്രമക്കേടിൽ മറുപടിയില്ലാതെ മുഖ്യമന്ത്രി; കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം

Jaihind News Bureau
Monday, November 16, 2020

സംസ്ഥാനത്തെ വിവിധ പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരേയുള്ള കേന്ദ്ര ഏജൻസികളുടെ അനേഷണത്തിൽ മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരം. കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. കിഫ്ബിയുടെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകൾ യാതൊന്നും നേരിട്ട് പരാമര്‍ശിക്കാതെയാണ്‌ കേന്ദ്ര അനേഷണ ഏജൻസികൾക്കെതിരെ പിണറായി വിജയൻ ഉറഞ്ഞു തുള്ളിയത്‌.

പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും മുഖ്യമന്തിക്ക് പറയാനുള്ളത് പറയാൻ വീഡിയോ കോൺഫറൻസ് വഴി ഒരു വാർത്ത സമ്മേളനം. പതിവ് പോലെ കൊവിഡിൽ തുടങ്ങി വികസനത്തിന്‍റെ പേരിലുള്ള പ്രസംഗമായി. ചട്ട ലംഘനം ആകില്ല എന്ന അവകാശവാദത്തോടെ പദ്ധതികളിലെ വിവാദങ്ങളിലേക് കടന്നു. ലൈഫ്, കിഫ്ബി, കെ ഫോണ്‍, ടൊറന്‍സ് പദ്ധതികളാണ് ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇവിടെ വട്ടമിട്ടു പറക്കുകയാണെന്നും അവരുടെ ലക്ഷ്യം വേറേ പലതുമാണെന്നും അതു അഗീകരിക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം

എന്നാല്‍ ലൈഫ് മിഷനെതിരേയല്ല, വടക്കാഞ്ചിരിയിലെ ലൈഫ് പദ്ധതിക്കു പിന്നില്‍ നടന്ന കമ്മിഷന്‍ കച്ചവടത്തെക്കുറുച്ചാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്ന കാര്യം മുഖ്യമന്ത്രി മറച്ചുപിടിച്ചു. വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷന്‍ കച്ചവടത്തെക്കുറിച്ചു പരാമര്‍ശിക്കാതെ, ലൈഫ് പദ്ധതി മുഴുവന്‍ അന്വേഷണ ഏജന്‍സികള്‍ അട്ടമറിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം.

സ്വകാര്യ കുത്തകകള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വക്കാലത്തെടുക്കുന്നതുകൊണ്ടാണ് ഇവിടെ ചിലര്‍ കെ ഫോണ്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ തന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കെ ഫോണ്‍ ഇടപാടുകളെക്കുറിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്നും അല്ലാതെ കെ. ഫോണ്‍ പദ്ധതിക്കെതിരേയല്ലെന്നുമുള്ള കാര്യം മനപൂർവം മറക്കുകയോ മറയ്ക്കുകയോ ആയിരുന്നു.

റിസര്‍വ് ബാങ്കിന്‍റെ അനുമതിയില്ലാതെ, വിദേശ സഹായ നിയന്ത്രണ നിയമങ്ങള്‍ പാലിക്കാതെ നടത്തുന്ന മസാല ബോണ്ടുകളെക്കുറിച്ചും മറ്റുമാണ് ആക്ഷേപമെന്നതും മുഖ്യമന്ത്രി മറച്ചുവച്ചു. അതേക്കുറിച്ചൊന്നും പറയാതെ കിഫ്ബി വഴിയുള്ള വികസന പദ്ധതികളെയെല്ലാം അട്ടിമറിക്കുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വാർത്താസമ്മേളനത്തിലുടനീളം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും സർക്കാരിനെ വെള്ളപൂശിയും താന്‍ മുഖ്യമന്ത്രിയാണെന്നത് മറന്ന് ഒരു രാഷ്ട്രീയ മൈതാനപ്രസംഗ രൂപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.