സ്വർണ്ണക്കടത്തില്‍ ഇന്നും ക്ഷുഭിതനായി മുഖ്യമന്ത്രി ; മാധ്യമങ്ങള്‍ക്ക് ശകാരം, പ്രത്യേക ഉദ്ദേശമെന്ന് കുറ്റപ്പെടുത്തല്‍ | Video

Jaihind News Bureau
Saturday, August 8, 2020

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ചോദ്യങ്ങളില്‍ ഇന്നും മാധ്യമങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ ശകാരിച്ച മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് ശ്രമമെന്നും പ്രത്യേക ഉദ്ദേശങ്ങളുണ്ടെന്നും കുറ്റപ്പെടുത്തി.  സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻ.ഐ.എ കോടതിയിൽ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇന്നലെയും മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയിരുന്നു. മാധ്യമങ്ങള്‍ ഉപജാപം നടത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയർന്നതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഐ.ടി ഫെല്ലോയ്ക്കുമൊക്കെ സ്വർണ്ണക്കടക്ക് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലല്ലേ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത് എന്ന ചോദ്യം ഉയർന്നതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ തെറ്റുകാരനായി ചിത്രീകരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് പിണറായി വിജയന്‍ ആവർത്തിച്ചു. അന്വേഷണ ഏജന്‍സികള്‍ അവരുടെ രീതിയിലാണ് അന്വേഷിക്കേണ്ടത്, അല്ലാതെ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോലെ അല്ല. കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ലെന്നും തോന്നുമ്പോലെയേ പോകൂ എന്ന രീതിയിലാണ് മാധ്യമങ്ങളുടെ പോക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലല്ലേ മാധ്യമങ്ങള്‍ ചോദ്യമായി ഉന്നയിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മാധ്യമങ്ങളെ പഴിചാരി ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ദേശീയമാനമുള്ള ഒരു കേസിലെ പ്രതികള്‍ക്ക്  മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമ്പോള്‍ മാധ്യമങ്ങള്‍ ചോദ്യം ഉന്നയിക്കുക സ്വാഭാവികമല്ലേ എന്നതിന് മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്താനാണ് നിങ്ങളുടെ ലക്ഷ്യമെന്നും നിങ്ങള്‍ക്ക് പ്രത്യേക ഉദ്ദേശങ്ങളുണ്ടെന്നുമായിരുന്നു പ്രതികരണം.

വീഡിയോ കാണാം :

https://www.youtube.com/watch?v=KLs4Tk1VPq8