മുഖ്യമന്ത്രിക്ക് വധഭീഷണി: ഫോണ്‍ സന്ദേശം എറണാകുളത്തുനിന്ന്; വിളിച്ചത് ഏഴാം ക്ലാസുകാരന്‍

Jaihind Webdesk
Thursday, November 2, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരന്‍റെ വധഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി ഫോൺ വിളിയെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 12 കാരനെ കണ്ടെത്തിയത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽ നിന്നാണ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയർത്തിയത്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

ഇന്നലെ വൈകുന്നേരമാണ് പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തു. നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർത്ഥിയാണ് ഭീഷണി ഉയർത്തിയതെന്ന് കണ്ടെത്തിയത്.

എറണാകുളം പോങ്ങാട് സ്വദേശിയുടെ മകനാണ് ഏഴാം ക്ലാസുകാരനായ വിദ്യാർത്ഥി. പിതാവിന്റെ ഫോണിൽ നിന്നാണ് ഈ 12കാരൻ പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ഭീഷണിക്കൊപ്പം അസഭ്യങ്ങളും കുട്ടി പറഞ്ഞതായിട്ടാണ് പോലീസ് അറിയിച്ചത്. കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ വർധിപ്പിച്ചു.