ജലീലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഭയം ; കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതുകൊണ്ടാണോയെന്ന് ഷാഫി പറമ്പില്‍ | Video

Jaihind News Bureau
Saturday, September 12, 2020

മുഖ്യമന്ത്രിക്ക് മന്ത്രി കെ.ടി ജലീലിനെ ഭയമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. കുറ്റകൃത്യങ്ങളിലെ പങ്കാളിയായതുകൊണ്ടാണോ മുഖ്യമന്ത്രി ഭയക്കുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

തലയിൽ മുണ്ടിട്ട് ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ട അവസ്ഥയാണ് ഒരു മന്ത്രിക്കുണ്ടായത്. മാധ്യമങ്ങളോട് പോലും കള്ളം പറഞ്ഞ് ചോദ്യം ചെയ്യലിന് പോയിട്ട് സത്യം മാത്രമേ വിജയിക്കൂ എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടിട്ട് എന്ത് കാര്യമെന്ന് ഷാഫി പരിഹസിച്ചു. മന്ത്രി പ്രവർത്തിക്കേണ്ടത് ഭരണഘടന അനുസരിച്ചാണ്. മതവും മതഗ്രന്ഥവുമൊന്നും ചട്ടലംഘനങ്ങൾക്കും നിയമലംഘനങ്ങൾക്കും മറയാക്കാനുള്ളതല്ല. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥം വന്നിട്ട് അതിന്‍റെ ലോഗ്ബുക്ക് ഇല്ല. മതഗ്രന്ഥം

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ നിയമപ്രകാരം ഒരു മന്ത്രിക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവാദമില്ല. എഫ്.സി.ആർ.എയുടെ ചട്ടങ്ങൾ ലംഘിച്ചതായി മന്ത്രി തന്നെ പങ്കുവെച്ച സ്‌ക്രീൻഷോട്ടുകളും ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. എഫ്.സി.ആർ.ഇ ചട്ടം 3 ഡി, ചട്ടം 40 പ്രകാരം മന്ത്രി കെ.ടി ജലീല്‍ ചെയ്തത് ഗുരുതരമായ നിയമലംഘനമാണ്. ഇ.ഡിയും ബി.ജെ.പിയും ഇതിൽ ചില കള്ളക്കളികൾ നടത്താൻ ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. എഫ്.ഐ.ആർ എടുത്ത് അന്വേഷിക്കാൻ വേണ്ട തെളിവുകൾ എല്ലാം ഉണ്ടെന്നിരിക്കെ അതിന് ഇ.ഡി തയാറാകുന്നില്ല. യൂത്ത് കോൺഗ്രസിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്‍റ് പ്രഥമവിവരശേഖരണം നടത്താൻ തയാറായത്.

ചട്ടലംഘനം നടത്തിയിട്ടും മന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ജലീലിനെതിരെ നടപടിയെടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/621045672132001