തിരുവനന്തപുരം: എഡി.ജി.പി എം ആര് അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയമാണ്. എഡിജിപിയെ മാറ്റാതിരിക്കുന്നതില്‍ വലിയ രഹസ്യങ്ങളുണ്ട്. പാര്‍ട്ടിക്ക് അകത്തുതന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നടപടി ലജ്ജാകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതെ സമയം, സ്പീക്കറുടെ ആര്.എസ.്എസ് പരാമര്‍ശം നാളെ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പറയുമെന്നും ബിജെപി പ്രധാനപ്പെട്ട പാര്‍ട്ടിയാണെന്ന അഭിപ്രായം ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനപ്പെട്ട സിപിഎം നേതാക്കള്‍ ബിജെപിയുമായിട്ട് സൗഹൃദത്തിലാണ്. യുഡിഎഫിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ ബന്ധം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 62 മണ്ഡലങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് വോട്ട് പോയത് സിപിഎമ്മിനാണ്. മുങ്ങാന്‍ പോകുന്ന കപ്പലാണ് ബിജെപിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.