മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുന്നു; സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വിഴിഞ്ഞം സമരസമിതി

Jaihind Webdesk
Thursday, September 1, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം 17-ാം ദിവസത്തിലേക്ക്. സമരം കടുപ്പിച്ച് മുന്നോട്ടുപോകാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.

ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. സർക്കാർ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടേക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. മത്സ്യ തൊഴിലാളികളുടെ വിഷയത്തിൽ സർക്കാരിന് ഒഴുക്കൻ മട്ടാണെന്നും അവർ പറഞ്ഞു.

അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്നും തീരശോഷണം പഠിക്കാൻ വിദഗ്ദ സമിതിയെ വെക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി സമരസമിതി രംഗത്തെത്തിയിരുന്നു . മുഖ്യമന്ത്രി തീരദേശ വാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി. ഇതുവരെ തുടർന്ന അതേ രീതിയിൽ സെപ്റ്റംബർ 4 വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.