‘മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും കബളിപ്പിക്കുന്നു ; അന്തസുണ്ടെങ്കില്‍ പിണറായി മാപ്പ് പറയണം’ : രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Thursday, March 18, 2021

 

ആലപ്പുഴ : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യെച്ചൂരിയുടെ നിലപാടാണോ പിണറായിക്കെന്ന് വ്യക്തമാക്കണം. നിലപാട് വ്യക്തമാക്കാതെ വിശ്വാസികളെ വീണ്ടും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിന് ജനം കനത്ത തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അഴകൊഴമ്പന്‍ നിലപാടാണുള്ളത്. വിശ്വാസി സമൂഹത്തെ വഞ്ചിച്ച് അധികനാൾ പോകാൻ ജനം അനുവദിക്കില്ല. വനിതാമതിൽ തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. നവോത്ഥാന നായകന്‍റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം. സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടാകും. ഈ കബളിപ്പിക്കൽ മുഖ്യമന്ത്രി അവസാനിപ്പിക്കണം. സത്യവാങ്മൂലം തിരുത്തി നല്‍കാന്‍ പിണറായി തയാറുണ്ടോ എന്ന് വ്യക്തമാക്കണം. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.