V D Satheesan| മുഖ്യമന്ത്രിയും സിപിഎമ്മും തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഭയന്നുള്ള വിഭ്രാന്തിയില്‍: വി ഡി സതീശന്‍

Jaihind News Bureau
Thursday, October 16, 2025

2026 ലെ പൊതുതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഭയന്നുള്ള വിഭ്രാന്തിയിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ശബരിമലയിലെ സ്വര്‍ണകൊള്ള പുറത്ത് കൊണ്ടുവന്നത് അയ്യപ്പനാണ് എന്നതാണ് വിശ്വാസിയായ തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി ഇപ്പോള്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി അടിച്ചുമാറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് രൂപയ്ക്ക് സ്വര്‍ണപാളി ഒരു വ്യവസായിക്കു വിറ്റുവെന്നും ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയണമെന്നും പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. തനിക്കെതിരായി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസിനെ നേരിടുമെന്നും പറഞ്ഞത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം പി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ സന്നിഹിതരായി.