
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എം. രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ് നടത്തിയ ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണ. പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യമുള്ള കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ ബാധ്യസ്ഥരാണ് എന്ന് അദ്ദേഹം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എം.പി.യാണെന്നും നാടിന്റെ ആവശ്യം നേടിയെടുക്കുന്നതില്‍ എല്ലാ അംഗങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സഭാ സമ്മേളനത്തിന് മുമ്പ് പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കുന്നത്. രാജ്യസഭാ അംഗമെന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസ് ആ ഇടപെടല്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതോടെ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് പിണറായി തുറന്നു സമ്മതിച്ചിരിക്കുകയാണ്. കേരളത്തിലെ പ്രധാന വിഷയങ്ങളിലടക്കം ഇത്തരത്തില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് തന്നെയാണോ എന്നതാണ് ഉയരുന്ന ചോദ്യം. പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉന്നയിച്ച വാദത്തെ മൗനമായി നേരിടുകയാണ് ബ്രിട്ടാസ് ചെയ്തത്. ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് തന്റെ പങ്ക് സമ്മതിക്കുകയും ചെയ്തു.