ക്ലിഫ് ഹൗസിൽ സ്വപ്ന പലവട്ടം വന്നു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Tuesday, October 13, 2020

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറിയില്ലെന്ന വാദത്തില്‍ നിന്നും യൂ-ടേണ്‍ എടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺസൽ ജനറൽ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്നയും കൂടെ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിലപാട് മാറ്റി. എം.ശിവശങ്കറും മിക്ക സന്ദർശനങ്ങളിലും ഉണ്ടായിരുന്നുവെന്നും സെക്രട്ടറിക്കൊപ്പമാണ് അദ്ദേഹം വരാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്ന സുരേഷിനെ അറിയില്ലെന്നും താനുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സ്വപ്നയെ അറിയാമെന്ന് മുഖ്യമന്ത്രി തിരുത്തിയിരുന്നു. എന്നാൽ നിരവധി തവണ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു എന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ ആ വാദവും മുഖ്യമന്ത്രി പിൻവലിച്ചു.

കോണ്‍സല്‍ ജനറല്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും കൂടെ വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ ചുമതലപ്പെടുത്തിയോ എന്ന് ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ ആരെ ബന്ധപ്പെടണം എന്ന് ചോദിച്ചപ്പോള്‍ തന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറെ ബന്ധപ്പെട്ടോളൂ എന്ന് സ്വാഭാവികമായും പറഞ്ഞിട്ടുണ്ടാകാം എന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോള്‍ തുടങ്ങിയെന്ന് അറിയില്ല. കോൺസൽ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിൽ ആണ് സ്വപ്നയെ അറിയാവുന്നത്. അങ്ങനെയാണ് പരിചയമെന്നും മുഖ്യമന്ത്രി പറഞ്ഞു.