ജമ്മു കശ്മീരിലെ രാംബന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മൂന്നു മരണം. നാലുപേരെ കാണാതാവുകയും ചെയ്തു. പ്രളയത്തില്‍ വീടുകള്‍ ഒലിച്ചുപോവുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചില കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. ശ്രീനഗറില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ അകലെയാണ് രാംബന്‍ ജില്ല.
കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രാദേശിക ഭരണകൂടം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ജമ്മു കശ്മീരില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയും, മണ്ണിടിച്ചിലുകളും പാറകളും മരങ്ങളും മലകളില്‍ നിന്ന് താഴേക്ക് പതിക്കുകയും ചെയ്തത് വ്യാപക നാശനഷ്ടങ്ങള്‍ക്ക് കാരണമായി.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താഴ്വരയെ ബന്ധിപ്പിക്കുന്ന ഏക പാതയായ 270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജമ്മു-ശ്രീനഗര്‍ ദേശീയപാത അഞ്ചാം ദിവസവും അടഞ്ഞുകിടക്കുകയാണ്. ഉധംപൂര്‍ ജില്ലയിലെ ജാഖേനി, ചേനാനി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 2,000-ത്തിലധികം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ജമ്മു മേഖലയിലെ ഒന്‍പത് അന്തര്‍ജില്ലാ റോഡുകളും മണ്ണിടിച്ചില്‍ കാരണം അടച്ചിട്ടിരിക്കുകയാണ്. തുടര്‍ച്ചയായ മഴയില്‍ ജമ്മു, സാംബ, കത്തുവ, ഉധംപൂര്‍ എന്നിവിടങ്ങളിലെ ഡസന്‍ കണക്കിന് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
നേരത്തെ, ജമ്മുവിലെ കത്രയിലുള്ള വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 31 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വൈഷ്‌ണോ ദേവി തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരുന്നു.
വെള്ളിയാഴ്ച പൂഞ്ച്, റിയാസി, രജൗരി, കിഷ്ത്വാര്‍, ഉധംപൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂഞ്ച്, കിഷ്ത്വാര്‍, ജമ്മു, രാംബന്‍, ഉധംപൂര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.