ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 33 മരണം. കിഷ്ത്വാറിലെ ചോസിതി ഗ്രാമത്തിലാണ് മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നിരവധി റോഡുകള്‍ ഒലിച്ചു പോയതായും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുകശ്മീരിലെ മച്ചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്‌ഫോടനവും തുടര്‍ന്ന് മിന്നല്‍ പ്രളയവും ഉണ്ടായിരിക്കുന്നത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഭക്തര്‍ സഞ്ചരിച്ച ബസുകളും ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മച്ചൈല്‍ മാത യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി പോലീസ്, സൈന്യം, എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന) സംഘങ്ങള്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉള്‍പ്പെടെയുള്ള ഉന്നതതല നേതാക്കള്‍ ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു.