കൊവിഡ് ആശങ്ക ഇനി ‘കടല്‍ കടക്കില്ല’: പ്രവാസികള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി എംപി വക ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹെല്‍പ്പ് ഡെസ്‌ക്

Friday, April 17, 2020

ദുബായ് : കൊവിഡ് ആശങ്കയിലായ പ്രവാസികള്‍ക്ക് , ഇന്ത്യയിലെ ഒരു ലോകസഭാംഗത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ക്‌ളീനിക്കല്‍ സൈക്കോളജിസ്റ്റ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തൃശൂര്‍ ലോകസഭാംഗം ടി എന്‍ പ്രതാപന്റെ  എം പിയുടെ ഓഫീസ് ആസ്ഥാനമാണ് ഇത്തരത്തില്‍, പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ക്‌ളീനിക്കല്‍ സൈക്കോളജിസ്റ്റ് ഹെല്‍പ്പ് ഡെസ്‌ക്കായി തുറന്ന പ്രവര്‍ത്തിക്കുന്നത്. പ്രവാസികളുടെ ആശങ്കകള്‍ക്ക് സാന്ത്വനം നല്‍കാന്‍  22 പേരടങ്ങുന്ന പ്രത്യേക ടീം സംവിധാനമാണിത്.

ഇപ്രകാരം, പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്കിനെ ബന്ധപ്പെടാം. യുഎഇയില്‍ നിന്നുള്ളവര്‍ക്ക്, ആ രാജ്യത്തെ മലയാളി ഡോക്ടറെയും ഇപ്രകാരം ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടെ, വലിയ തുക നല്‍കി രാജ്യാന്തര കോള്‍ വിളിച്ചുള്ള പണചെലവ് ഇല്ലാതെയും പ്രവാസികള്‍ക്ക്  ഡോക്ടറെ ബന്ധപ്പെടാം. ഡോ. ധനേഷ് ഗോപാല്‍ 00971 50 854 0630 എന്ന നമ്പറിലാണ് യുഎഇയിലുള്ളവര്‍ ഇതിനായി ബന്ധപ്പെടേണ്ടത്. കൂടാതെ, സേവനം ആവശ്യമുള്ള പ്രവാസികളും കുടുംബാംഗങ്ങളും 0487-2386717, 94961 23476 , 94476 70210 എന്നീ നമ്പറുകളില്‍ രാവിലെ പത്തിനും  വൈകിട്ട് അഞ്ചിനും ഇടയില്‍ ബന്ധപ്പെടാം.

തൃശൂര്‍ ക്‌ളീനിക്കല്‍ സൈക്കോളജി ഫോറം ഭാരവാഹികളായ ഡോ. മോണ്‍സി എഡ്വേര്‍ഡ് ( പ്രസിഡണ്ട് ), ഡോ. മിലു മരിയ ആന്റോ ( സെക്രട്ടറി ) , ഡോ. ജോര്‍ജ് എ ജി എന്നിവരുടെ സഹകരണത്തോടെ, 22 പേരടങ്ങുന്ന ക്‌ളീനിക്കല്‍ സൈക്കോളജി കൗണ്‍സിലേഴ്‌സിന്റെ പ്രത്യേക ടീം ആണ് ഈ സേവനത്തിനായി പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി സി ശ്രീകുമാര്‍ – മൊബൈല്‍ 9447670210 , മുന്‍ പ്രവാസി കൂടിയായ രവി ജോസ് താണിക്കല്‍ -മൊബൈല്‍ 94961 23476 എന്നിവരാണ് ഹെല്‍പ്പ് ലൈന്‍ കോഓര്‍ഡിനേറ്റര്‍മാര്‍. ക്വാറന്റൈനില്‍ തുടരുന്ന പ്രവാസി മലയാളികളും, വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും ഇത് വലിയ ആശ്വാസം കൂടിയായി ഇത് മാറുകയാണ്.