എസ്എഫ്ഐ അങ്ങനെ ചെയ്യില്ല! പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്; എംജി സർവകലാശാല സംഘർഷത്തില്‍ ക്ലീന്‍ ചിറ്റ്

Jaihind Webdesk
Thursday, December 15, 2022

കോട്ടയം: എം.ജി സർവകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അടക്കമുള്ള നേതാക്കൾക്കെതിരെ എഐഎസ്എഫ് നേതാവ് നൽകിയ പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്. സംഘർഷത്തിനിടെ ജാതീയമായി അധിക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയും ചെയ്തെന്ന എഐഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി നിമിഷ രാജുവിന്‍റെ പരാതിയിലാണ് പോലീസ് എസ്എഫ്ഐ പ്രവർത്തകർക്ക് ക്ലീൻചിറ്റ് നൽകിയത്. എസ്എഫ്ഐ പ്രവർത്തകർ ഇത്തരത്തിലുള്ള കുറ്റം ചെയ്യില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു.

2021 ഒക്ടോബറിലാണ് എംജി യൂണിവേഴ്സിറ്റി സംഘർഷം നടന്നത്. ഒക്ടോബർ 21ന് എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചത് തടയാനെത്തിയ തന്നെ എസ്എഫ്ഐ നേതാക്കളായ പി.എം ആർഷോ അടക്കമുള്ളവർ  ചേർന്ന് ജാതീയമായി അധിക്ഷേപിച്ചുവെന്നും ശാരീരിക ആക്രമണം നടത്തിയെന്നുമാണ് പരാതി. എന്നാൽ പരാതിയിൽ കാര്യമില്ലെന്നാണ് പോലീസ് റിപ്പോർട്ട്. അതേസമയം നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരിയും സിപിഐയും വ്യക്തമാക്കി.  എഐഎസ്എഫ് വനിതാ പ്രവർത്തകയെ ചാടി ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉണ്ടായിരിക്കെയാണ് എസ്എഫ്ഐയെ വെള്ള പൂശിക്കൊണ്ടുള്ള പോലീസിന്‍റെ റിപ്പോർട്ട്.