പൊലീസിന് ക്ലീന്‍ ചിറ്റ് ; സി.എ.ജിയെ തള്ളി ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ട്

 
തിരുവനന്തപുരം : വെടിക്കോപ്പുകള്‍ കാണാതായെന്ന സി.എ.ജി കണ്ടെത്തലില്‍ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്.  തോക്കുകൾ കാണാതായിട്ടില്ല എന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി ശരിവെച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ  റിപ്പോര്‍ട്ടിലെ വിശദീകരണം. പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

തോക്കുകളും തിരകളും കാണായിട്ടില്ലെന്നും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തല്‍. 1994 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായി.  ഉപകരങ്ങൾ വാങ്ങിയത് സർക്കാർ സ്ഥാപനമായ കെൽട്രോൺ വഴിയാണെന്നും പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.

കെല്‍ട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതീപൂര്‍വമല്ലെന്നും, സി.എ.ജി റിപ്പോര്‍ട്ടില്‍ ഡി.ജി.പിയുടെ പേരെടുത്ത് പറഞ്ഞ നടപടി ശരിയായില്ലെന്നും ആഭ്യന്തര സെക്രട്ടറി തന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പിക്ക് ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് വില്ല പണിതത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ തുറന്ന ടെൻഡർ വിളിക്കാതിരുന്നത് സുരക്ഷ മുൻനിർത്തിയാണ് എന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടില്‍ പറയുന്നു.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിയുണ്ടകളും റൈഫിളുകളും കാണാതായെന്ന ഗുരുതര കണ്ടെത്തലാണ് സി.എ.ജി നടത്തിയത്. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയതായി സി.എ.ജി റിപ്പോര്‍ട്ട് ചെയ്തു. സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും പകരം വ്യാജ വെടിയുണ്ടകൾ വെക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. അതേസമയം, വെടിയുണ്ടകള്‍ കാണാതായ സംഭവം ഐ.ജി ശ്രീജിത്തിന്‍റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

policeBullets
Comments (0)
Add Comment