സിബിഎസ്ഇ പരീക്ഷ : രണ്ട് നിര്‍ദേശങ്ങളുമായി കേന്ദ്രം ; തീയതി ജൂണ്‍ 1 ന് പ്രഖ്യാപിച്ചേക്കും

Jaihind Webdesk
Sunday, May 23, 2021

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചു. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡല്‍ഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും, JEE/NEET പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേർന്നത്.

സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ പൊതുവികാരം. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. എന്നാല്‍ പരീക്ഷ വേണ്ടെന്നും ഇന്‍റേണൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാൽ മതിയെന്നും ഡല്‍ഹിയും മഹാരാഷ്ട്രയും അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് വാക്സിൻ എത്രയും വേഗം നൽകണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. രണ്ട് നിർദേശങ്ങളാണ് യോഗത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. ഒന്ന് പ്രധാന വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്തുക അല്ലെങ്കിൽ എല്ലാ പരീക്ഷകളും സമയം ചുരുക്കി നടത്തുക. നിലവിൽ മൂന്നു മണിക്കൂറാണ് സിബിഎസ്ഇ പരീക്ഷകളുടെ ദൈർഘ്യം. ഇത് ഒന്നര മണിക്കൂറായി ചുരുക്കി നടത്താനാണ് നിർദേശം.

കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ കേന്ദ്രവിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്‌റിയാല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളി ലേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ സിബിഎസ്ഇ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഒരു വിഭാഗം രക്ഷിതാക്കളും അധ്യാപകരും കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്രം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.