ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Thursday, July 25, 2024

 

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനി നൂറനാട് പണയിൽ രജനി ഭവനത്തിൽ നിരഞ്ജനയെ (14) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആലപ്പുഴയിൽ നിന്ന് ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ രാത്രി 9 .30 ഓടെ കിടപ്പു മുറിയുടെ ജനലഴിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

മാതാവ് രജനിക്കും അനുജത്തിക്കും ഒപ്പമാണ് നിരജ്ഞന പതിവായി കിടന്നുറാങ്ങാറുള്ളത്. കഴിഞ്ഞ ദിവസം നേരത്തെ മുറിയിൽ കയറി വാതിൽ അടച്ചതിൽ സംശയം തോന്നി വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ അപ്പൂപ്പൻ കത്തി വെച്ച് അറുത്തിട്ട് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവും അനുജത്തിയും മുറിയിൽ എത്തുന്നതിന് മുമ്പ് അകത്തു നിന്നും കതക് പൂട്ടിയശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

മാതാവിന്‍റെ അച്ഛനും അമ്മയ്ക്കും പുറമെ അനുജത്തിയും മാത്രമാണ് ഇവിടെ താമസം. എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവിനോ ബന്ധുക്കൾക്കോ അറിയില്ല. പിതാവ് നിലജ്ഞൻ അടുത്ത മാസം നാട്ടിലെത്താനിരിക്കുകയായിരുന്നു. നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ക്ലാസിലെ മിടുക്കിയായ കുട്ടിയാണ് നിരഞ്ജന എന്ന് അദ്ധ്യാപകർ പറയുന്നു. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.